സജി ചെറിയാനെതിരെ പ്രതിപക്ഷ പ്രതിഷേധം; നടപടികള്‍ റദ്ദാക്കി സഭ പിരിഞ്ഞു

  • 06/07/2022

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. തുടര്‍ന്ന് ധനാഭ്യര്‍ത്ഥനകള്‍ അംഗീകരിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എം.ബി.രാജേഷ് അറിയിച്ചു.

'ഭരണഘടനയോട് കൂറ് പുലര്‍ത്താത്ത മന്ത്രി എങ്ങനെ സ്ഥാനത്ത് തുടരും, സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലഘനം' തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ പിരിഞ്ഞതിന് ശേഷം സഭാ കവാടത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി സജി ചെറിയാന്‍ ഖേദപ്രകടനം നടത്തിയിരുന്നു.സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. നിയമനടപടി സ്വീകരിക്കാന്‍ പ്രതിപക്ഷവും തീരുമാനിച്ചതോടെ മന്ത്രി പ്രതിരോധത്തിലായി. തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി വ്യാഖാനിക്കപ്പെട്ടു എന്നായിരുന്നു നിയമസഭയില്‍ സജി ചെറിയാന്റെ വിശദീകരണം.

Related News