സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്ന് നീക്കിയതായി എച്ച്.ആര്‍.ഡി.എസ്

  • 06/07/2022

പാലക്കാട്: സ്വര്‍ണക്കടത്ത് കേസ്  പ്രതി സ്വപ്ന സുരേഷിനെ ജോലിയില്‍നിന്ന് നീക്കിയതായി എന്‍ജിഒയായ എച്ച്ആര്‍ഡിഎസ്. അതേസമയം സ്ത്രീശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്ന സുരേഷ് തുടരുമെന്നും എച്ച്ആര്‍ഡിഎസ് അറിയിച്ചു. സ്വപ്നയെ സ്ഥാപനം സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് പരാതിയായി പരിഗണിച്ചാണ് നടപടിയെന്ന് എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി. 

സ്വപ്നയ്ക്ക് ജോലി നല്‍കിയതിന്റെ പേരില്‍ എച്ച്.ആര്‍.ഡി.എസ്  ഭരണകൂട ഭീകരതയുടെ ഇരയായി. 2022 ഫെബ്രുവരി 18നാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. ജോലി നല്‍കിയതിന്റെ പേരില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വേട്ടയാടുന്നുവെന്നും എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട എം ശിവശങ്കറിനെ സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുത്തതുകൊണ്ടാണ് സ്വപ്നയ്ക്ക് ജോലി നല്‍കിയതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച ശേഷമാണ് സ്വപ്ന സുരേഷിന് എച്ച്ആര്‍ഡിഎസില്‍ ജോലി ലഭിച്ചത്.അതേസമയം സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്നാണ് എച്ച് ആര്‍ ഡി എസ് ജൂണ്‍ 13ന് വ്യക്തമാക്കിയത്. കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത് സ്വപ്ന എച്ച് ആര്‍ ഡി എസ് ജീവനക്കാരി ആയതിനാലാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

സര്‍ക്കാരും പൊലീസും സ്വപ്നയെ കെണിയില്‍ പെടുത്തിയതാണെന്നും എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. സംഘപരിവാര്‍ മാറ്റി നിര്‍ത്തേണ്ടവരല്ല. സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഫാസിസമാണ്. എച്ച് ആര്‍ ഡി എസ് ഇന്ത്യയെ പട്ടിണി രഹിതമാക്കാന്‍ പ്രവര്‍ത്തിക്കുന്നു. എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആര്‍ ഡി എസിലുണ്ട് എന്നും അജി കൃഷ്ണന്‍ പറഞ്ഞിരുന്നു. സി എസ് ആര്‍ ഡയറക്ടറായി പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് സ്വപ്ന സുരേഷ് എച്ച്ആര്‍ഡിഎസില്‍ ജോലിക്ക് കയറിയത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കുക പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല. ജീവിതത്തിന്റെ രണ്ടാം തുടക്കമാണ് പുതിയ ജോലിയെന്നും സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

Related News