ക്ഷേമകേന്ദ്രങ്ങളിലേക്ക് നല്‍കിവരുന്ന സൗജന്യ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിര്‍ത്തലാക്കി സര്‍ക്കാര്‍

  • 07/07/2022




വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, ബാലഭവനങ്ങള്‍ തുടങ്ങിയ ക്ഷേമകേന്ദ്രങ്ങളിലേക്ക് സൗജന്യനിരക്കില്‍ നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ക്ഷേമപദ്ധതിയില്‍പ്പെടുത്തി നല്‍കിയിരുന്ന കേന്ദ്രവിഹിതം ഇനിയുണ്ടാകില്ലെന്ന കാരണത്താലാണ് പദ്ധതി നിര്‍ത്തലാക്കിയത്. ഇതോടെ സംസ്ഥാനത്തെ അഗതിസംരക്ഷണ സ്ഥാപനങ്ങളുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.

അഗതി–അനാഥമന്ദിരങ്ങളിലേക്ക് പൊതുവിതരണവകുപ്പ് സൗജന്യനിരക്കില്‍ നല്‍കിയിരുന്ന അരിയും ഗോതമ്പും സ്റ്റോക്കില്ലെന്നാണ് വിശദീകരണം. വെല്‍ഫെയര്‍ സ്കീമില്‍പ്പെടുത്തി കേന്ദ്രം നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളായിരുന്നു ഇത്. ക്ഷേമസ്ഥാപനങ്ങളില്‍ ഓരോ അന്തേവാസിക്കും ഒരുമാസം പത്തരകിലോഗ്രാം അരി, നാലരകിലോ ഗ്രാം ഗോതമ്പ് എന്നിവയാണ് കിട്ടിക്കൊണ്ടിരുന്നത്. 

ഒരു കിലോ അരിക്ക് അഞ്ചു രൂപ 65 പൈസയും ഗോതമ്പിന് നാലുരൂപ  15 പൈസയുമാണ് ഈടാക്കിയിരുന്നത്.യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഒരു രൂപയായിരുന്നു നിരക്ക്. സൗജന്യ നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്ന 1800 ഓളം സ്ഥാപനങ്ങള്‍  കടുത്ത പ്രതിസന്ധിയിലാണ്.

അനാഥ അഗതി മന്ദിരങ്ങള്‍ക്ക് നല്‍കാന്‍ സ്റ്റോക്കില്ലെന്ന്  പൊതുവിതരണവകുപ്പില്‍ നിന്ന് ജില്ലാ സപ്ളൈ ഓഫീസര്‍മാര്‍ക്കാണ് അറിയിപ്പ് നല്‍കിയത്. അവിടെനിന്ന് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് വിവരം കൈമാറുക ആയിരുന്നു. ബാലഭവനുകള്‍, അഭയകേന്ദ്രങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, ഭിന്നശേഷി പുനരധിവാസ സ്ഥാപനങ്ങള്‍, പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ ഒരു ലക്ഷത്തോളം അന്തേവാസികളുടെ അന്നമാണ് ഇതുവഴി മുടങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ല.

Related News