ക്ഷേത്രത്തില്‍ തൊഴുതുമടങ്ങിയ വയോധികയെ ആക്രമിച്ച് മാല കവര്‍ന്നു; നഷ്ടമായത് മുക്കുപണ്ടം

  • 07/07/2022

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് തിരികെ മടങ്ങിയ വയോധികയെ ആക്രമിച്ച് മാല കവര്‍ന്നു.  എന്നാല്‍ കൈയില്‍ കിട്ടിയത് മുക്കുപണ്ടമാണെന്ന് കള്ളന്‍ അറിഞ്ഞില്ല. മാല കവര്‍ന്ന കള്ളന്‍ ബൈക്കില്‍ അതിവേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തു.

ബുധനാഴ്ച രാത്രി എട്ടു മണിക്ക് ഗുരുവായൂര്‍ തെക്കേ ബ്രാഹ്‌മണസമൂഹം റോഡിലായിരുന്നു സംഭവം. തൊട്ടടുത്തുള്ള കല്പക ഫ്‌ളാറ്റില്‍ താമസിക്കുന്ന മാള സ്വദേശി ബേബി പൈ (70)യുടെ മാലയാണ് പൊട്ടിച്ചത്. സമൂഹം റോഡിലേക്ക് ഇറങ്ങുന്നതിനിടെ പിന്നാലെ ബൈക്കില്‍ വന്നയാള്‍ ബേബിയുടെ കഴുത്തിനു പിന്നില്‍ പിടിച്ചു. 

ബേബി നിലവിളിച്ചപ്പോള്‍ കള്ളന്‍ ഒരു കൈകൊണ്ട് മാല ബലമായി പൊട്ടിച്ചെടുക്കുകയും മറുകൈകൊണ്ട് തള്ളിയിടുകയുമായിരുന്നു. മോഷ്ടാവ് ബൈക്കില്‍ എടപ്പുള്ളി റോഡിലേക്ക് കുതിച്ചു. റോഡില്‍ വീണ ബേബിയുടെ കൈകള്‍ ഉരഞ്ഞ് പരിക്കേറ്റു. തുടര്‍ന്ന് ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി.

ദിവസവും വൈകീട്ട് ക്ഷേത്രത്തില്‍ പോയാല്‍ രാത്രി എട്ടോടെയാണ് മടങ്ങാറ്. ഇടറോഡുകളില്‍ രാത്രിസമയങ്ങളില്‍ മാല പൊട്ടിക്കല്‍ ഭയന്ന്, ക്ഷേത്രത്തില്‍ പോകുമ്പോള്‍ സ്വര്‍ണം ധരിക്കാറില്ലെന്ന് വയോധിക പറഞ്ഞു. മുക്കുമാല കഴിഞ്ഞ ദിവസമാണ് പുതിയതൊന്ന് വാങ്ങിയത്. ഒറ്റനോട്ടത്തില്‍ സ്വര്‍ണമാലയാണെന്ന് തോന്നുന്നതു കൊണ്ട് കള്ളന്‍ തെറ്റിദ്ധരിക്കുകയായിരുന്നു.

Related News