വിവാഹവാഗ്ദാനം നല്‍കി സഹപാഠിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

  • 08/07/2022

പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് സോമനാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് പ്രതി പണം തട്ടിയെടുത്തതായും പരാതിയുണ്ട്.

നിയമ വിദ്യാര്‍ത്ഥിനിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയിലാണ് അഭിജിത്ത് സോമനെ ആറന്മുള പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയതത്. എട്ട് മാസം മുമ്പ് പ്രതി പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പല തവണ ലോഡ്ജുകളില്‍ കൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്‌തെന്നുമാണ് പരാതി. ഇരുവരും ഒരേ കോളെജിലാണ് പഠിക്കുന്നത്. പെണ്‍കുട്ടിക്ക് ഫീസ് അടയ്ക്കാന്‍ വീട്ടുകാര്‍ കൊടുത്ത പണത്തില്‍ നിന്ന് രണ്ട് തവണയായി കാറ് നന്നാക്കാനെന്ന പേരില്‍ അമ്പതിനായിരവും വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് പറഞ്ഞ് 75,000 രൂപയും പ്രതി കൈക്കലാക്കി. കോളേജില്‍ ഫീസ് അടക്കാന്‍ സമയമായപ്പോള്‍ പെണ്‍കുട്ടി പണം ആവശ്യപ്പെട്ടു . എന്നാല്‍ അഭിജിത്ത് ഒഴിഞ്ഞുമാറി. 

ഫീസ് കുടിശ്ശിക വന്നതോടെ കോളേജ് അധികൃതര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി വീണ്ടും അഭിജിത്തിനോട് പണം ആവശ്യപ്പെട്ടെങ്കിലും പ്രതി ഫോണ്‍ എടുക്കാതെ പരാതിക്കാരിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ മനംനൊന്ത് ബുധനാഴ്ച കോളേജ് ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ വച്ച് പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി തുറന്ന് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകീട്ട് തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ പ്രതിയായതോടെ അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

Related News