സജി ചെറിയാന്റെ വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കി

  • 08/07/2022

തിരുവനന്തപുരം:  മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്റെ വകുപ്പുകള്‍ മൂന്ന് മന്ത്രിമാര്‍ക്ക് വിഭജിച്ച് നല്‍കി. മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍, വി എന്‍ വാസവന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ കൈമാറിയത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.


സാംസ്‌കാരിക വകുപ്പ് വി എന്‍ വാസവന്‍ കൈകാര്യം ചെയ്യും. യുവജനക്ഷേമ വകുപ്പിന്റെ ചുമതല മുഹമ്മദ് റിയാസിനാണ്. ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്‌മാന്‍ വഹിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. സജി ചെറിയാന് പകരം തല്‍ക്കാലത്തേക്ക് മന്ത്രിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ?ബാലകൃഷ്ണനും ഇതേനിലപാടാണ് സ്വീകരിച്ചത്.

ഭരണഘടനാ വിരുദ്ധ പരാമര്‍ത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ രാജിവച്ചത്. കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.ഐ.എം പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related News