കുപ്രസിദ്ധ ക്രിമിനൽ റിപ്പർ സുരേന്ദ്രൻ മോഷണശ്രമത്തിനിടെ പിടിയില്‍

  • 09/07/2022

പാലക്കാട്: സ്ത്രീകളെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവരുന്ന ക്രിമിനൽ റിപ്പർ സുരേന്ദ്രൻ പിടിയില്‍. ആലത്തൂരിൽ വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച്  കവർച്ച നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. 

രാവിലെയാണ് സംഭവം. രണ്ടര പവൻറെ സ്വർണമാല പൊട്ടിച്ച് ഓടുമ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു. ആലത്തൂരിൽ താമസിക്കുന്ന 60 വയസുള്ള നിർമലയുടെ വീട്ടിലാണ് സുരേന്ദ്രൻ കയറിയത്. ഇന്നലെ രാത്രി മുതൽ വീടിൻറെ പരിസരത്ത് സുരേന്ദ്രൻ ഒളിച്ചിരുന്നു. 

രാവിലെ നിർമ്മലയുടെ ഭർത്താവ് വീട്ടിൽ നിന്നു പുറത്തു പോയതിന് ശേഷം നിർമല വീടിനു വെളിയിൽ വന്ന സമയം നോക്കി അവരെ തള്ളി താഴെയിട്ടു. തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ചു. എന്നാല്‍ നാട്ടുകാർ പിടികൂടി ആലത്തൂർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 

പരിക്കേറ്റ നിർമ്മലയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2007 ൽ പൊറത്തിശേരി സ്വദേശി 80 വയസുള്ള മറിയയെ കൊലപ്പെടുത്തി 11 പവൻ കവർന്ന കേസിലടക്കം ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തലയ്ക്കടിച്ച് ആക്രമിച്ച് മോഷണം നടത്തുന്ന രീതി പിൻതുടരുന്നതിനാലാണ് ഇയാൾക്ക് റിപ്പർ സുരേന്ദ്രൻ എന്ന വിളിപ്പേര് വന്നത്.

Related News