ശ്രീലങ്ക നല്‍കുന്നത് പിണറായിക്കുള്ള പാഠമെന്ന് കെ. സുധാകരന്‍

  • 10/07/2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കലാപഭൂമിയായി മാറിയിരിക്കുന്ന ശ്രീലങ്കയിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ശ്രീലങ്ക പിണറായിക്കുള്ള പാഠമാണെന്ന് അദ്ദേഹം പറഞ്ഞു.

കടംകൂട്ടുകയും ധൂര്‍ത്തടിക്കുകയും ചെയ്യുന്നവരെ ജനം ഓടിക്കും. കേരളം സാമ്പത്തിക ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. അതേസമയം ശ്രീലങ്കയിലെ പ്രശ്നത്തില്‍ ഇപ്പോള്‍ ഇടപെടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. വിദേശ കാര്യമന്ത്രാലയം ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. സാഹചര്യം വിലിയിരുത്തിയ ശേഷം മാനുഷിക സഹായം ഉറപ്പുവരുത്തുമെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. അതോടൊപ്പം അഭായര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ വീട് കയ്യേറിയതോടെ ഗോതബയ രജപക്സെ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയുടെ വസതിക്ക് തീയിടുകയും ചെയ്തു. വിക്രം റെനില്‍ സിംഗെ ഇന്നലെ പ്രാധാനമന്ത്രി സ്ഥാനം രാജി വെച്ചു. പ്രസിഡന്റ് രാജി സന്നദ്ധത അറിയിച്ചുവെന്നും ഉടന്‍ രാജിവെക്കുമെന്നും സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

Related News