കൈക്കൂലി ചോദിച്ച സി.പി.ഐ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കുടുക്കി സി.പി.എം ബ്രാഞ്ച് സെക്രട്ടറി

  • 12/07/2022

ഇടുക്കി: പടുതാക്കുളം പണിയാന്‍ ശുപാര്‍ശക്കത്ത് നല്‍കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കൊക്കയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലന്‍സിന്റെ പിടിയിലായി. പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.ഐ. ഏലപ്പാറ മണ്ഡലം സെക്രട്ടേറിയറ്റംഗവുമായ കെ.എല്‍.ദാനിയേലിനെയാണ് വിജിലന്‍സ് ഡിവൈ.എസ്.പി. ജെ.സന്തോഷ്‌കുമാറും സംഘവും പിടികൂടിയത്.

വെംബ്ലി വാര്‍ഡിലെ വെട്ടിക്കാനം ഭാഗത്ത് താമസക്കാരനായ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ മാര്‍ട്ടിന്‍ കുര്യന്‍ വിജിലന്‍സ് ഡിവൈ.എസ്.പി.ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കിഴക്കന്‍ മേഖല വിജിലന്‍സ് എസ്.പി. വി.ജി. വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് കാര്യാലയത്തിലെ വൈസ് പ്രസിഡന്റിന്റെ മുറിയിലായിരുന്നു സംഭവം. മാര്‍ട്ടിന്‍ കുര്യനും പിതാവും കനകപുരം വാര്‍ഡിലെ നിരവുപാറ ഭാഗത്ത് പടുതാക്കുളം നിര്‍മാണത്തിന്റെ സബ്‌സിഡിക്കായി വാര്‍ഡംഗത്തിന്റെ ശുപാര്‍ശക്കത്ത് ആവശ്യപ്പെട്ടു. കൃഷിഭവനില്‍ നല്‍കാനായിരുന്നു കത്ത്. വാര്‍ഡംഗംകൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സമീപിച്ചപ്പോള്‍, 1.20 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്നതിന് ശുപാര്‍ശചെയ്യുന്നതിന് പതിനായിരം രൂപ ആവശ്യപ്പെട്ടു. മാര്‍ട്ടിന്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. ഇവരുടെ നിര്‍ദേശപ്രകാരമാണ് മാര്‍ട്ടിന്‍ പണം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ ദാനിയേലിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Related News