മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എം.എല്‍.എയും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും

  • 12/07/2022

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിലാകും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. 


മാര്‍ച്ച് 6നാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടത്. എകെജി സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഫെബ്രുവരി 16 നായിരുന്നു ഇരുവരുടേയും വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നത്. വിവാഹം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതായി ആര്യയും സച്ചിനും സ്ഥിരീകരിച്ചിരുന്നു. ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ച ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. 21-ാം വയസിലാണ് ആര്യ തലസ്ഥാനത്തിന്റെ മേയര്‍ പദവിയിലെത്തിയത്. അന്ന് തന്നെ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ആര്യ.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ നിന്നാണ് സിച്ചിന്‍ ദേവ് വിജയിച്ചത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിന്‍.

Related News