ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ചു; പാതിരാത്രി ചെന്നെത്തിയത് വെള്ളക്കെട്ട് നിറഞ്ഞ പാടത്ത്!

  • 12/07/2022

മലപ്പുറം: ഗൂഗിള്‍ മാപ്പ്  നേക്കി സഞ്ചരിച്ച തിരൂർ സ്വദേശിയും കുടുംബവും പാതിരാത്രി ചെന്നെത്തിയത് വെള്ളം നിറഞ്ഞ പാടത്ത്. പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്ക് എട്ട് കിലോമീറ്റർ മാത്രമുള്ള ദൂരം ഗൂഗിൾ മാപ്പ് ഉപയോഗിച്ചായിരുന്നു കുടുംബം സഞ്ചരിച്ചത്. 

ഗൂഗിൾ മാപ്പ് വഴി ഇവർ എത്തിപ്പെട്ടത് പാലച്ചിറയിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. പിന്നെ വഴി അവസാനിച്ചു. മുന്നിൽ ആകെയുണ്ടായിരുന്നത് വെള്ളക്കെട്ട് നിറഞ്ഞ പാടം മാത്രമായിരുന്നു. ആൾതാമസമില്ലാത്ത സ്ഥലത്ത് നിന്ന് രാത്രി ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. തുടർന്ന് കാർ ഉപേക്ഷിച്ച് റോഡിലേക്ക് തിരിച്ച് നടന്നു വന്ന് മറ്റൊരു വാഹനം വരുത്തി യാത്ര തുടർന്നു. 

പിറ്റേന്ന് രാവിലെ പ്രദേശവാസികൾ ചേർന്ന് പ്രയാസപ്പെട്ടാണ് കാർ റോഡിലേക്ക് എത്തിച്ചത്. വടം ഉപയോഗിച്ച് വാഹനത്തിൽ കെട്ടി വലിച്ചു കയറ്റുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് വഴിതെറ്റിപ്പോയ സമാന സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  

Related News