ഡെസ്കിലടിച്ച് താളമിട്ടതിന് സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിക്ക് മര്‍ദ്ദനം

  • 12/07/2022

തൃശൂർ: ഡെസ്കിലടിച്ച്  താളമിട്ടതിന് വെറ്റിലപ്പാറ സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിക്ക് മർദനമേറ്റതായി പരാതി. സെക്യൂരിറ്റി ജീവനക്കാരനാണ് പത്താം ക്ലാസുകാരനെ മർദ്ദിച്ചത്. 

മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും പരാതിയില്‍ ഹോസ്റ്റലിലെ വാച്ച്മാൻ മധുവിന്റെ പേരിൽ അതിരപ്പിള്ളി പോലീസ് കേസെടുത്തു.

ജുവനൈൽ ജസ്റ്റിസ് ആക്ട്, പട്ടികജാതി പട്ടികവർഗ സംരക്ഷണനിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. അടിച്ചിൽതൊട്ടി ഊരുനിവാസിയായ കുട്ടിക്കാണ് മർദനമേറ്റത്. ഡെസ്കിലടിച്ച് താളമിട്ടതിനാണ് മർദ്ദിച്ചതെന്ന് വിദ്യാർഥി പറയുന്നു. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. 

ഡസ്കില്‍ തട്ടി പാട്ടുപാടുന്നതിനിടെ പിന്നിലൂടെയെത്തിയ സുരക്ഷാ ജീവനക്കാരനായ മധു എന്നയാള്‍ മുളവടിവച്ച് പുറത്തടിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. അതിരപ്പള്ളി പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.

വിദ്യാര്‍ഥിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ചാലക്കുടി താലൂക്ക് ഓഫീസിലുമെത്തിച്ച് ചികിത്സ നല്‍കി. കുട്ടിയുടെ പുറത്ത് അടിയേറ്റ പാടുകളുണ്ട്. സംഭവത്തിനുശേഷം സ്കൂളിലെത്തിയ കുട്ടി ക്ലാസ്ടീച്ചറോട് വിവരംപറഞ്ഞു. 

ഹോസ്റ്റലധികൃതർ കുട്ടിയുടെ അച്ഛനെയും വിവരം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ അച്ഛൻ സ്കൂളിലെത്തി. പിന്നീടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ അന്വേഷണവിധേയമായി വാച്ച്മാൻ മധുവിനെ സസ്പെൻഡ് ചെയ്തു. 
 

Related News