ആണും പെണ്ണും ഒരുമിച്ച് നടക്കാൻ പാടില്ലെന്ന് പറഞ്ഞ് സദാചാര ആക്രമണം; രണ്ട് പേർ അറസ്റ്റില്‍

  • 13/07/2022

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് സദാചാര ആക്രമണം. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസിലെ ജീവനക്കാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണും പെണ്ണും ഒരുമിച്ച് നടക്കാൻ പാടില്ലെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്നാണ് ആക്രമണത്തിനിരയായവര്‍ പറയുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ വിജിത്ത്, മുസ്തഫ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇവരുടെ സുഹൃത്ത് കൗശിക് എന്നയാളും പിടിയിലാകാനുണ്ട്. 

ഇന്നലെ വൈകുന്നേരം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാമ്പസിലെ ജോലി കഴിഞ്ഞ് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോവുകയായിരുന്ന ഹരികൃഷ്ണനേയും ക്യാമ്പസിലെ ഉദ്യോഗസ്ഥയേയും തടഞ്ഞ് വെക്കുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ബൈക്കിൽ എത്തിയ മൂന്നുപേരാണ് അക്രമികളെന്ന് ഹരികൃഷ്ണൻ പറഞ്ഞു.

പിടിയിലായവര്‍ നേരത്തേയും ഇത്തരത്തിലുള്ള കേസില്‍ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി. വിജിത്തും പിടിയാലാകാനുള്ള കൗശിക്കും സദാചാര ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈ ഒടിച്ച കേസിലെ പ്രതികളാണ്. മുസ്തഫ അടിപിടിക്കേസിലെ പ്രതിയും. കൗശിക്കിനായുള്ള അന്വേഷണത്തിലാണ് മഞ്ചേശ്വരം പോലീസ്.
 

Related News