കാണാതായ യുവാവും ബന്ധുവായ യുവതിയും ഒരേ തുണിയില്‍ തൂങ്ങി മരിച്ച നിലയില്‍

  • 13/07/2022

മലപ്പുറം: മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെയും ബന്ധുവായ യുവതിയെയും ഒരേ തുണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ്, ഗൂഡല്ലൂര്‍ സ്വദേശി രമ്യ എന്നിവരാണ് മരിച്ചത്. യുവാവിന്റെ വീടിന് സമീപമുള്ള റബര്‍ തോട്ടത്തിലെ മരത്തിലാണ് ഒരേ തുണിയുപയോഗിച്ച് തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

നിലമ്പൂര്‍ മുതിരിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ മുള്ളുള്ളിയിലെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിനീഷിന്റെ അച്ഛന്‍ ചന്ദ്രന്‍റെ ബന്ധുവാണ് രമ്യ. ഇരുവരുടേയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ സമ്മതം നല്‍കിയിരുന്നതാണ്. വിനീഷിന്റെ ജ്യേഷ്ഠന്റെ വിവാഹ ശേഷം ഇവരുടെ വിവാഹം നടത്താമെന്ന് രണ്ട് വീട്ടുകാരും ഉറപ്പ് നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റബ്ബര്‍ തോട്ടത്തിലെ തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്.

മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയതായിരുന്നു വിനീഷ്. ഇന്നലെ വൈകീട്ട് രമ്യയുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഫോണ്‍ കട്ടാക്കി. ഇന്ന് ഉച്ചയോടെ രണ്ട് പേരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

Related News