പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അച്ഛനും അമ്മയും അറസ്റ്റില്‍

  • 13/07/2022

പാലക്കാട്: പാലക്കാട് പോക്സോ കേസില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയ അച്ഛനും അമ്മയും അറസ്റ്റില്‍. മുത്തശ്ശിയുടെ സംരക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. കേസിലെ മുഖ്യപ്രതി കുട്ടിയുടെ  ചെറിയച്ഛനാണ്. 

കേസിലെ മൊഴി അനുകൂലമാക്കാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പാലക്കാടു നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും പേടിയാണന്നും കുട്ടി നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 

ഇതനുസരിച്ച് കുട്ടിയുടെ സംരക്ഷണച്ചുമതല മുത്തശ്ശി ഉള്‍പ്പെടെയുള്ളവരെ ഏല്‍പ്പിച്ചു. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. കേസിലെ പ്രതിയായ ചെറിയച്ഛനെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. 

അതുകൊണ്ട് കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കള്‍ക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. കുട്ടിയെ പാലക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്. 

Related News