പെണ്‍കുട്ടിയെ അപമാനിച്ച പിങ്ക്‌പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് തന്നെ 1.75 ലക്ഷം രൂപ ഈടാക്കാനൊരുങ്ങി സര്‍ക്കാര്‍

  • 13/07/2022

തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടു വയസ്സുകാരിയേയും പിതാവിനേയും അപമാനിച്ച സംഭവത്തില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്.


പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ നേരത്തേ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. പെണ്‍കുട്ടിക്ക് ഉദ്യോഗസ്ഥ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവുകള്‍ക്കായി 25000 രൂപയും ഈടാക്കാനാണ് ഉത്തരവ്. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നായിരുന്നു നേരത്തേ സര്‍ക്കാരിന്റെ വാദം. ഈ വാദമുന്നയിച്ച് സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു. കുട്ടിയെ സമൂഹമധ്യമത്തില്‍ വെച്ച് മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി വിധിച്ചിരുന്നു.

മൊബൈല്‍മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പിങ്ക് പൊലീസിന്റെ പരസ്യവിചാരണ. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും എട്ടുവയസ്സുകാരി മകളെയുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചത്. അച്ഛനും മകളും തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്.

Related News