മഹിളാമോര്‍ച്ച നേതാവിന്റെ ആത്മഹത്യാ കുറിപ്പ്; യുവമോര്‍ച്ച നേതാവിനെതിരേ കേസെടുത്തു

  • 13/07/2022

പാലക്കാട്: മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവിനെതിരെ കേസ് എടുത്തു. ആത്മഹത്യ പ്രേരണാ കുറ്റത്തിനാണ് പ്രജീവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രജീവിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ബന്ധുക്കള്‍ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 

ശരണ്യയുടെ ആത്മഹത്യയില്‍ പ്രതിയായ യുവമോര്‍ച്ച നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ ജീവനക്കാരനായ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നും ഡി വെ എഫ് ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും ഇയാള്‍ക്കുള്ള ബന്ധം ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണ്. ഇത് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

അതേസമയം ആത്മഹത്യാ കുറിപ്പില്‍ പേരുള്ള ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്.

Related News