വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

  • 14/07/2022

തിരുവനന്തപുരം: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി വിധിച്ചു. പള്ളിച്ചല്‍, നരുവാമൂട്, മുക്കുനട, സോനു നിവാസില്‍ കുമാര്‍(48) ആണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. വ്യാഴാഴ്ച കോടതി ശിക്ഷ വിധിക്കും.

2016 ജൂണ്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേമം, ഫാര്‍മസി റോഡ്, ശിവഗംഗയില്‍ റിട്ട. എസ്.ഐ. ബോധേശ്വരന്‍നായരുടെ മകള്‍ സുസ്മിത(36)ആണ് കൊല്ലപ്പെട്ടത്. ദാമ്പത്യ പൊരുത്തക്കേടുകള്‍ കാരണം വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു. വിമുക്തഭടനായ കുമാറിനും സുസ്മിതയ്ക്കും സന്ദീപ്, വൈഷ്ണവി എന്നീ രണ്ട് മക്കളാണുള്ളത്. 

കേസ് പരിഗണിച്ച കോടതി പ്രായപൂര്‍ത്തിയാകാത്ത മക്കളെ സുസ്മിതയ്ക്കൊപ്പം വിട്ടിരുന്നു. എല്ലാ ഞായറാഴ്ചകളിലും മക്കളെ കുമാറിന്റെ കൂടെ വിടാനും നിര്‍ദേശിച്ചു. ഇതനുസരിച്ച് നേമം ശിവന്‍കോവിലിനു സമീപത്ത് വെച്ച് കുട്ടികളെ കൈമാറി വന്നിരുന്നു. 

കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി നേമം ശിവന്‍കോവിലിനു സമീപം കാത്തുനിന്ന സുസ്മിതയെ കുമാര്‍ കത്തികൊണ്ട് 21 പ്രാവശ്യം കുത്തിയെന്നാണ് കേസ്. ഇയാളെ നാട്ടുകാര്‍ പിടികൂടി നേമം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മക്കളായ സന്ദീപും വൈഷ്ണവിയും കോടതിയില്‍ കുമാറിനെതിരേ മൊഴിനല്‍കിയിരുന്നു.  

Related News