രാജ്യത്ത് ആദ്യമായി കേരളത്തില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചു; 11 പേര്‍ നിരീക്ഷണത്തില്‍

  • 14/07/2022

തിരുവനന്തപുരം:  രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് കേരളത്തില്‍ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്ന് കൊല്ലത്ത് വന്നയാള്‍ക്കാണ് രോഗം. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ബന്ധുക്കളും വിമാനത്തില്‍ സമീപത്തിരുന്ന പതിനൊന്നുപേരും നിരീക്ഷണത്തിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

യു എ ഇയില്‍ നിന്ന് ചൊവ്വാഴ്ച എത്തിയ കൊല്ലംസ്വദേശിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വിദേശത്തായിരിക്കെ ഇദേഹം മങ്കിപോക്‌സ് സ്ഥിരീകരിച്ചയാളുമായി അടുത്ത് ഇടപഴകിയിട്ടുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാംപിളിന്റെ ഫലം വൈകുന്നേരത്തോടെയാണ് ലഭിച്ചത്. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ തൊട്ടടുത്ത് ഉണ്ടായിരുന്ന 11 പേരെ കണ്ടെത്തി. ഒപ്പം അച്ഛന്‍, അമ്മ, ടാക്‌സി ഡ്രൈവര്‍, വീട്ടില്‍ നിന്നും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍, വിമാനത്തില്‍ എന്നിവരാണ് ഇപ്പോള്‍ സമ്പര്‍ക്കത്തില്‍ ഉള്ളത്. രോഗം പകരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചവെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് കൂടുതല്‍പേരുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. 

യൂറോപ്പിലും അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലും ഈ വര്‍ഷം മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങ്, അണ്ണാന്‍, എലി തുടങ്ങിയ മൃഗങ്ങളാണ് രോഗവാഹകരെങ്കിലും അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരില്‍ നിന്ന് മറ്റൊരാളിലേക്കും പകരാം. വൈറസ് ബാധിച്ച് ഇരുപത്തിയൊന്നുദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പനി, കടുത്ത തലവേദന, നടുവേദന, പേശിവേദന, ക്ഷീണം എന്നിവയാണ് രോഗലക്ഷണം. പനി വന്ന് രണ്ടാഴ്ചയാകുമ്പോഴേയ്ക്കും ദേഹത്ത് കുമിളകളും പ്രത്യക്ഷപ്പെടും. രോഗലക്ഷണമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതാണ് പ്രധാന പ്രതിരോധം. രോഗം രണ്ടാഴ്ചഴ്ച മുതല്‍ ഒരുമാസം വരെ നീണ്ടു നില്‍ക്കുമെങ്കിലും മരണനിരക്ക് വളരെ കുറവാണെന്നതാണ് ആശ്വസം.മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലേക്ക് കേന്ദ്ര സംഘമെത്തും. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘത്തെ അയക്കുന്നത്. ഡല്‍ഹി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ, ജോയിന്റ് ഡയറക്ടര്‍ ഡോ സാങ്കേത് കുല്‍ക്കര്‍ണി, ആര്‍.എം.എല്‍ ആശുപത്രിയിലെ മൈക്രോബയോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ അരവിന്ദ് കുമാര്‍ അച്ഛ്‌റ, ഡെര്‍മറ്റോളജിസ്റ്റ് ഡോ അഖിലേഷ് തോലേ തുടങ്ങിയവരാണ് കേന്ദ്രസംഘത്തിലുള്ളത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

Related News