വളപട്ടണം ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ ശിക്ഷാവിധി ഇന്ന്

  • 14/07/2022

കണ്ണൂര്‍: വളപട്ടണം ഐ.എസ് റിക്രൂട്ട്‌മെന്റ് കേസില്‍ കുറ്റക്കാരയ മൂന്ന് പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും . കണ്ണൂര്‍ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതിഅബ്ദുള്‍ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. 

കൊച്ചി എന്‍.ഐ.എ കോടതി ഉച്ചക്ക് 2.30 ന് ആണ് ശിക്ഷ വിധി പറയുക. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എയും രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.സിറിയയിലേക്കുള്ളയാത്രാമധ്യേ തുര്‍ക്കിയില്‍ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുള്‍ റസാഖും പൊലീസ് പിടിയിലായത്. അതേസമയം ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയില്‍ കുറച്ച് നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം. തീവ്രവാദ ചിന്താഗതി പൂര്‍ണമായും ഉപേക്ഷിച്ചെന്നും ശിക്ഷയില്‍ ഇളവ് തരണമെന്നും പ്രതി ഹംസ കോടതിയോട് അപേക്ഷിച്ചു. എല്ലാ മനുഷ്യരേയും ഒരു പോലെ കാണുമെന്നും ഹംസ പറഞ്ഞു. ഐഎസ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു. നേരത്തെ അത്തരത്തില്‍ നിലപാട് എടുത്തതില്‍ പശ്ചാതാപമുണ്ടെന്നും ഹംസ കോടതിയെ അറിയിച്ചു. 

അതേസമയം, പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15ല്‍ ഏറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസില്‍ ആദ്യം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിറിയയില്‍ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്.

Related News