മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം സഞ്ചരിച്ച രണ്ട് കോട്ടയം സ്വദേശികള്‍ നിരീക്ഷണത്തില്‍

  • 15/07/2022

കോട്ടയം: മങ്കി പോക്‌സ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച രണ്ട് കോട്ടയം സ്വദേശികള്‍ നിരീക്ഷണത്തില്‍. നിലവില്‍ മങ്കി പോക്‌സിന്റെ ലക്ഷണങ്ങളൊന്നും ഇവര്‍ക്ക് ഇല്ലെന്നാണ് വിവരം. 21 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചതായി കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. ദ്രുതകര്‍മസേന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ വ്യക്തമാക്കി.ഈ മാസം 12-ന് യു.എ.ഇ.യില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുപ്പത്തിയഞ്ചുകാരനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച സാംപിളിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് മങ്കി പോക്‌സ് സ്ഥിരീകരണം ലഭിച്ചത്.

ഇയാളുടെ അച്ഛന്‍, അമ്മ, വിമാനത്താവളത്തില്‍നിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ ടാക്‌സിഡ്രൈവര്‍, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷാഡ്രൈവര്‍, വിമാനത്തില്‍ അടുത്തിരുന്ന് യാത്രചെയ്ത 11 പേര്‍ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  അതേസമയം മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതില്‍ കൊല്ലം ഡി.എം.ഒ. ഓഫീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. രോഗിയുടെ പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പിലായിരുന്നു ഡി.എം.ഒ ഓഫീസിന് പിശക് പറ്റിയത്. സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊല്ലം, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു ഡി.എം.ഒ. ഓഫീസ് നല്‍കിയ വിവരം. എന്നാല്‍ രോഗി ചികിത്സയിലുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

Related News