വിമര്‍ശനം കേള്‍ക്കാന്‍ തയാറാകാത്തവര്‍ നിയമസഭയിലേക്ക് വരരുതെന്ന് എം.എം മണി

  • 15/07/2022

തൊടുപുഴ: കെ.കെ രമ എം.എല്‍.എയ്‌ക്കെതിരായ പ്രസ്താവന പിന്‍വലിക്കേണ്ട കാര്യമില്ലെന്ന് എം.എം മണി. വിമര്‍ശനം ഉന്നയിച്ചത് സഭ്യമായ ഭാഷയിലാണെന്നും അത് കേള്‍ക്കാന്‍ തയ്യാറാകാത്തവര്‍ നിയമസഭയിലേക്ക് വരരുതെന്നും എം.എം മണി ഇടുക്കിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

എം.എല്‍.എമാരാണെങ്കിലും മന്ത്രിമാരാണെങ്കിലും മുഖ്യമന്ത്രിയാണെങ്കിലും വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്. യു.ഡി.എഫ് എം.എല്‍.എ ഒരു വിധവയല്ലേ എന്ന് ചോദിച്ചു. അത് അവരുടെ വിധിയാണെന്ന് ഞാന്‍ പറഞ്ഞു. താന്‍ സഭ്യമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചതെന്നും എം.എം മണി പറഞ്ഞു.കഴിഞ്ഞദിവസമാണ് നിയമസഭയില്‍ വിവാദപരമായ പരാമര്‍ശം ഉണ്ടാകുന്നത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'', എന്നായിരുന്നു എം.എം മണിയുടെ പരാമര്‍ശം. ഇതിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. 

മണിയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശമാണ്. പരാമര്‍ശം പിന്‍വലിക്കാന്‍ എം.എം മണി തയ്യാറാവണം. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് പാര്‍ട്ടി കോടതിയുടെ വിധിയാണ്, അത് വിധിച്ച ജഡ്ജി പിണറായി വിജയനാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരനെ കൊന്നതും തന്നെ വിധവയായി വിധിച്ചതും ആരാണെന്നും കേരളത്തിനറിയാമെന്നാണ് കെകെ രമ എം.എല്‍.എ പ്രതികരിച്ചത്.

Related News