മങ്കിപോക്‌സ് രോഗി സഞ്ചരിച്ച ഓട്ടോ ഡ്രൈവര്‍മാരെ കണ്ടെത്തി; നിരീക്ഷണത്തില്‍

  • 16/07/2022

കൊല്ലം: മങ്കിപോക്സ് സ്ഥിരീകരിച്ച രോഗി യാത്ര ചെയ്ത ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. ദുബായില്‍ നിന്ന് എത്തിയ യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വന്നതും തിരികെ പോയതും വ്യത്യസ്ത ഓട്ടോകളിലാണ്. ഈ രണ്ട് ഓട്ടോകളുടെയും ഡ്രൈവര്‍മാരെ തിരിച്ചറിയുകയും, അവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രോഗി സഞ്ചരിച്ച ടാക്സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല. കൊല്ലം കെ എസ് ആര്‍ ടി സി പരിസരത്ത് നിന്നും ടാക്സി വിളിച്ചായിരുന്നു ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോയത്.


അതിനിടെ മങ്കി പോക്‌സുമായി ബന്ധപ്പെട്ട് കളക്ടര്‍ അഫ്സാന പര്‍വീന്‍ നടത്തിയ വാര്‍ത്ത സമ്മേളനം മാധ്യമങ്ങള്‍ നല്‍കരുതെന്ന നിര്‍ദേശം വിവാദമായി. പി.ആര്‍.ഡി വഴിയാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. മങ്കി പോക്സില്‍ ആരോഗ്യ വകുപ്പിനുണ്ടായ ഗുരുതര വീഴ്ച്ച വാര്‍ത്ത ആയതിന് പിന്നാലെയാണ് നിര്‍ദേശം.

കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സ്ഥിതി വിവരം പങ്കുവയ്ക്കുന്നതിന് മാത്രമായാണ് ജില്ലാ കളക്ടര്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് രോഗി നിലവില്‍ ചികിത്സയിലുള്ളത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളുമുള്‍പ്പെടെ സംസ്ഥാനതലത്തില്‍ ലഭ്യമാക്കും. മേല്‍ സാഹചര്യത്തില്‍ ജില്ലയില്‍ കളക്ടര്‍ നടത്തിയ വാര്‍ത്താ സമ്മേളന ദൃശ്യ മാധ്യമങ്ങള്‍ നല്‍കരുതെന്ന് ജില്ലാ കളക്ടര്‍ പിആര്‍ഡി വഴി അറിയിക്കുകയായിരുന്നു.

Related News