പള്ളിയിൽ ചാണകം എറിഞ്ഞു; 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി പോലീസ്

  • 16/07/2022

കണ്ണൂർ: കണ്ണൂരിലെ മൊയ്ദീൻ പള്ളിയിൽ ചാണകം എറിഞ്ഞയാളെ പോലീസ് പിടികൂടി. ടൗൺ പേലീസ് സ്റ്റേഷൻ പരിധിയിലുള്ള മൊയ്ദീൻ പള്ളിയിലാണ് സംഭവം. ആരോ ചാണകം കൊണ്ടു വന്ന് പള്ളിയില്‍ ഇട്ടതായി വെള്ളിയാഴ്ച വൈകിട്ടാണ് ശ്രദ്ധയിൽ പെടുന്നത്. 

വിശ്വാസികൾ നിസ്കരിക്കുന്ന സ്ഥലത്തും പ്രസംഗ പീഢത്തിന് സമീപത്തുമാണ് ചാണകം കണ്ടത്. തുടര്‍ന്ന് പള്ളി കമ്മറ്റിക്കാരും വിശ്വാസികളും പോലീസിൽ വിവരമറിയിച്ചു. സംഭവമറിഞ്ഞയുടനെ ഡിഐജി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അടക്കമുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. 

 24 മണിക്കൂറിനുള്ളിൽ തന്നെ പോലീസിന് പ്രതിയെ പിടികൂടാനായി. പാപ്പിനിശ്ശേരി സ്വദേശിയായ നസീറിന്റെ മകൻ ദസ്തക്കീർ എന്ന 52 കാരനാണ് പിടിയിലായത്. ഇരിണാവ് ഡാമിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. പള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും 75 ഓളം സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

അല്ലാഹുവിൽ വലിയ വിശ്വാസം ഉണ്ടായിട്ടും സാമ്പത്തികമായി ഒന്നും നേടാൻ കഴിയാത്തതിലെ പ്രയാസമാണ് ചാണകമെറിഞ്ഞ് പ്രതിഷേധിക്കാൻ കാരണമെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ചാണകമെറിഞ്ഞതോടെ അല്ലാഹു നേർവഴി കാണിച്ച് തരുമെന്ന് വിശ്വസിക്കുന്നതായും ദസ്തക്കീർ പോലീസിനോട് പറഞ്ഞു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വിദഗ്ദ പരിശോധനക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ.

Related News