തലശ്ശേരിയിലെ സദാചാര ആക്രമണത്തില്‍ ദമ്പതികളുടെ പരാതി അടിസ്ഥാനരഹിതമെന്ന് കമ്മീഷണര്‍

  • 16/07/2022

കണ്ണൂര്‍: ദമ്പതിമാര്‍ക്ക് എതിരായ സദാചാര ആക്രമണത്തില്‍ പൊലീസിന് ക്ലിന്‍ ചിറ്റ് നല്‍കി കമ്മിഷണറുടെ റിപ്പോര്‍ട്ട്. തലശ്ശേരി പൊലീസിന് നേരെയുള്ള സദാചാര ആക്രമണം അടിസ്ഥാനമില്ലാത്ത ആരോപണം എന്ന് കണ്ണൂര്‍ കമ്മീഷണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കി.പ്രത്യുഷിന് പരിക്കേറ്റത് കസ്റ്റഡിയില്‍ എടുക്കുമ്പോഴുള്ള സമയത്തെ പിടി വലിയിലാണ്. പ്രത്യുഷിനെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മേഘ പൊലീസിനെ ആക്രമിച്ചു എന്ന വകുപ്പ് കുറ്റപത്രം കൊടുക്കുന്ന സമയത്ത് പുനപരിശോധിക്കാം. ആക്രമിച്ചില്ല എന്നാണെങ്കില്‍ ആ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നല്‍കും . കഞ്ചാവ് വില്‍ക്കാന്‍ വന്നവരാണോ ഇവര്‍ എന്ന സംശയം പൊലീസിനുണ്ടായിരുന്നു. നേരത്തെ കഞ്ചാവ് വില്‍ക്കുന്ന സമയത്ത് നേരത്തെ അവിടെ ദമ്പതിമാരെ പിടികൂടിയിട്ടുണ്ട് എന്നും കമ്മീഷണര്‍ പറഞ്ഞു.സംഭവത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് തലശേരി എ സിയുടെ റിപ്പോര്‍ട്ട്. സ്റ്റേഷനിലെ സി സി ടി വിയില്‍ പൊലീസ് പ്രത്യുഷിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇല്ല. കടല്‍ പാലത്തില്‍ വെച്ച് മേഘയെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിത പൊലീസ് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്പോഴും അതിന് ശേഷവും ഉള്ളത് ഒരേ മുറിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസ് മര്‍ദിച്ചുവെന്നാണ് പ്രത്യുഷ് ആരോപിച്ചിരുന്നത്.

കഴിഞ്ഞാഴ്ചയാണ് തലശ്ശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷിനും ഭാര്യ മേഘയ്ക്കും നേരെ പൊലീസിന്റെ സദാചാര ആക്രമണം ഉണ്ടായത്. രാത്രി കടല്‍പ്പാലം കാണാനെത്തിയ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നായിരുന്നു പരാതി. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്‌തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു.സംഭവത്തില്‍ നിര്‍ണായക മെഡിക്കല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൊലീസ് കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റു എന്ന വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. പൊലീസ് അകാരണമായി മര്‍ദ്ദിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ മേഘ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

Related News