കോഴിക്കോട് വീണ്ടും മാവോയിസ്റ്റ് സാനിധ്യം

  • 16/07/2022

കോഴിക്കോട് തൊട്ടില്‍പാലം പശുക്കടവില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പശുക്കടവ് പിറക്കന്‍തോട് സ്വദേശി ആന്‍ഡ്രൂസിന്റെ വീട്ടിലാണ് സംഘം എത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും സംഘത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെ തൊട്ടില്‍പാലം പൊലീസ് കേസെടുത്തിട്ടുണ്ട്.


വെള്ളിയാഴ്ച രാത്രി 7 മണിയോടെയാണ് സായുധസംഘം വീട്ടില്‍ എത്തിയത്. വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനീദളത്തിലെ അംഗങ്ങളാണ് ഇവര്‍. പൊലീസും കോടതിയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഉണ്ണിമായ, ലത, സുന്ദരി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. കൂടെയുള്ള പുരുഷന്‍ ആരെന്ന് അറിവായിട്ടില്ല.

സംഘം 10 മിനിറ്റിലേറെ വീട്ടില്‍ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുന്‍പ് പശുക്കടവ് ടൗണില്‍ മാവോയിസ്റ്റുകളുടെ പേരില്‍ ഒരു പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ഈ പോസ്റ്റര്‍ പതിപ്പിച്ചത് തങ്ങള്‍ ആണെന്ന് വീട്ടുകാരോട് വെളിപ്പെടുത്തി. മലയാളം കന്നട ഭാഷകളിലാണ് ഇവര്‍ സംസാരിച്ചത്. ശേഷം വനമേഖലയിലേക്ക് കടന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Related News