കോടതിയിലെ തൊണ്ടി മുക്കിയ കേസ്; മന്ത്രി ആന്റണി രാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖ പുറത്ത്

  • 17/07/2022

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു  പ്രതിയായ തൊണ്ടി മുതല്‍ മോഷണക്കേസില്‍ നിര്‍ണായക രേഖകള്‍ പുറത്ത്. 28 വര്‍ഷം മുന്‍പുള്ള സംഭവത്തെ തുടര്‍ന്നുള്ള കേസ് ഓഗസ്റ്റ് നാലിന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് മന്ത്രിക്കെതിരായ ചില രേഖകള്‍ പുറത്തുവന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസിലാണ് ആന്റണി രാജുവിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുന്നത്.


തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട രേഖയാണ് കേസില്‍ ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ ചതിച്ചുവെന്ന ഗുരുതര വകുപ്പ് പൊലീസ് ചുമത്തിയിരിക്കുന്നത്. 28 വര്‍ഷത്തിനിടെ വെളിച്ചം കണ്ടിട്ടില്ലാത്ത ആ നിര്‍ണായക തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്. 

1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നത്. അന്ന് ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. തന്റെ സീനിയര്‍ സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്ന് ആന്‍ഡ്രൂവിന്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് ജഡ്ജി കെ വി ശങ്കരനാരായണന്‍ ഉത്തരവായി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്ത് പ്രഗത്ഭ അഭിഭാഷകനായിരുന്ന കുഞ്ഞിരാമ മേനോനെ ഇറക്കി. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആന്‍ഡ്രൂ രാജ്യം വിട്ടു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയല്‍ ഒബ്ജക്ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

Related News