മന്ത്രി ആന്റണി രാജുവിനെതിരായുള്ള ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് പുറത്ത്

  • 18/07/2022

തിരുവനന്തപുരം: ഗാതാഗതമന്ത്രി ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ മോഷണക്കേസിലെ ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് പുറത്ത്. തെളിവില്‍ കൃത്രിമത്വം കാണിക്കുന്നതിന് വേണ്ടി കേസില്‍ പ്രതിയായ വിദേശ പൗരന്‍ ആന്റണി രാജുവിന് കൈക്കൂലി നല്‍കിയെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സാര്‍വലിയാണ് കേസിലെ പ്രതി.

ആന്റണി രാജു തെളിവില്‍ കൃത്രമിത്വം കാണിച്ചത് മൂലം കേസില്‍ നിന്ന് രക്ഷപ്പെട്ട വിദേശ പൗരന്‍ പിന്നീട് ഓസ്ട്രേലിയയില്‍ കൊലക്കേസിലും പ്രതിയായിരുന്നു. ആന്റണി രാജുവും കോടതി ക്ലര്‍ക്ക് ജോസും തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിതിനെ തുടര്‍ന്ന് ഹൈക്കോടതി വിദേശപൗരനെ വെറുതെ വിടുകയായിരുന്നു. 1991ലാണ് സംഭവം. ഓസ്ട്രേലിയയില്‍ കൊലപാതക കുറ്റത്തിന് അറസ്റ്റിലായ ആന്‍ഡ്രൂ ജയിലില്‍ കിടക്കന്ന സമയത്ത് കൂട്ടുപ്രതിയായ വെസ്ളി ജോണിനോട് കേരളത്തിലെ കേസില്‍ രക്ഷപ്പെട്ട വിവരം പറഞ്ഞിരുന്നു. കോടതി ക്ലര്‍ക്കിന് കൈക്കൂലി നല്‍കി തൊണ്ടി മുതല്‍ മാറ്റി രക്ഷപ്പെട്ടെന്നാണ് ആന്‍ഡ്രൂ പറഞ്ഞതെന്ന് വെസ്ളി മെല്‍ബെണ്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കേസില്‍ വിചാരണ ഇഴഞ്ഞു നീങ്ങുകയാണ്. 16വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ലഹരിമരുന്ന് കടത്ത് കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഇപ്പോള്‍ 28 വര്‍ഷം കഴിയുന്നു. ഇതുവരെ കേസ് നിരവധി തവണ പരിഗണിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു.

 

Related News