കേരളത്തില്‍ ഒരാള്‍ക്ക്കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു

  • 18/07/2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 13നാണ് ഇയാള്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയത്. രോഗിയുമായി അടുത്തസമ്പര്‍ക്കത്തില്‍ വന്നവരെ നീരീക്ഷത്തിലാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.

വിദേശത്തുനിന്ന് മങ്കിപോക്സ് ലക്ഷണങ്ങളോടെ ആളുകള്‍ എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനസംവിധാനങ്ങളും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം രോഗബാധിതന്റെ സ്വദേശമായ കൊല്ലത്ത് ഇന്നലെ സന്ദര്‍ശനം നടത്തി. ഇന്ത്യയില്‍ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. വിദേശത്തു നിന്ന് എത്തിയ കൊല്ലം സ്വദേശിക്ക് ജൂലൈ 14നാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Related News