കുഴല്‍പ്പണവുമായി പോയയാളെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം കവര്‍ന്നു; ഒടുവിൽ പ്രതി കോടതിയിൽ കീഴടങ്ങി

  • 18/07/2022

മലപ്പുറം: രണ്ട് മാസങ്ങൾക്ക് മുമ്പ് കുഴൽപ്പണം കവർന്ന കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് 50 ലക്ഷം രൂപ കവർച്ച നടത്തിയതാണ് കേസ്. കേസിൽ മുഖ്യപ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ സ്വദേശി ഉഴുന്നന്‍ അബ്ദുല്‍ നാസര്‍ മകന്‍ ഉഴുന്നന്‍ സുനീബ് (29) ആണ് കോടതിയിൽ കീഴടങ്ങിയത്. 

കഴിഞ്ഞ മെയ് മാസം 18-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേരി വീമ്പൂർ വഴി കുഴല്‍പ്പണവുമായി ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്നയാളെ മോട്ടോര്‍സൈക്കിളില്‍ വന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കണ്ണില്‍ മുളക് പൊടിയെറിഞ്ഞാണ് പ്രതി 50 ലക്ഷം തട്ടിയെടുത്തത്. ഈ സംഭവത്തിന് ശേഷം തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാള്‍.

കേസിലെ കൂട്ട് പ്രതിയെ നേരത്തെ ദില്ലിയില്‍ വെച്ച് മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതി പോലീസ് മുന്‍പാകെ കുറ്റം സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാന്‍ ആണ് പ്രതി പണം ഉപയോഗിക്കുന്നത്. നിരവധി തവണ സമാന കുറ്റകൃത്യം നടത്തിയ പ്രതി ആദ്യമായാണ് പിടിക്കപ്പെടുന്നത്. കുഴല്‍പ്പണം ആയതിനാലും പരാതി ഇല്ലാത്തതിനാലും പ്രതി മുന്‍പ് രക്ഷപ്പെടുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുന്നതിനായി പോലീസ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കും.

Related News