ഡി.ജി.പി സുദേഷ് കുമാറിനെതിരെ വകുപ്പ്തല നടപടിക്ക് സാധ്യത

  • 19/07/2022

തിരുവനന്തപുരം: ഡി.ജി.പി സുദേഷ് കുമാറിനെതിരെ വകുപ്പ് തല നടപടിത്ത് സാധ്യത. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി നെക്ലെസ് സൗജന്യമായി വാങ്ങിയതും വീഴ്ചയെന്ന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. വിരമിക്കാന്‍ മൂന്നുമാസം മാത്രം അവശേഷിക്കെ എന്ത് നടപടിയെടുക്കണം എന്നതില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജയില്‍ മേധാവിയായ സുദേഷ് കുമാര്‍. എന്നാല്‍ ആഭ്യന്തര വകുപ്പിനാകെ നാണക്കേടാകുന്ന ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറി നിയോഗിച്ച സമിതി നടത്തിയ അന്വേഷണത്തില്‍ ഭൂരിഭാഗം പരാതികളും ശരിയെന്ന് കണ്ടെത്തി.കോഴിക്കോടുകാരനായ വിദേശ വ്യവസായിയുടെ പണം സ്വീകരിച്ച് കുടുംബ സമേതം വിദേശയാത്ര നടത്തിയതാണ് ഗുരുതര വീഴ്ചകളിലൊന്ന്. സര്‍ക്കാര്‍ അനുമതി തേടാതെയുള്ള യാത്ര സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമെന്നും കണ്ടെത്തല്‍. 

തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് 7 പവന്റെ നെക് ലെസ് ഉടമയെ ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്‌കൗണ്ടില്‍ വാങ്ങിച്ചെടുത്തുന്ന കുറ്റവും അന്വേഷണത്തില്‍ തെളിഞ്ഞു. ക്രിമിനല്‍ കേസെടുക്കാവുന്ന കുറ്റമാണിതെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയ ഈ റിപ്പോര്‍ട്ടിന്‍മേല്‍ കടുത്ത നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് സൂചന. എന്നാല്‍ ഒക്ടോബറില്‍ വിരമിക്കുന്ന സുദേഷ്‌കുമാറിന് ഇനി 3 മാസമാണ് സര്‍വീസ് അവശേഷിക്കുന്നത്. അതിനിടെയില്‍ നടപടി ഒഴിവാക്കാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നീക്കം നടത്തുന്നുണ്ട്. സസ്‌പെന്‍ഷന്‍ പോലെ കടുത്ത നടപടി ഒഴിവാക്കാനുമാണ് ശ്രമം. അതിനാല്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാവും.

Related News