നീറ്റ് പരീക്ഷാ പരിശോധനക്കെതിരെ കൂടുതല്‍ പരാതി; നടപടി സ്വീകരിക്കാന്‍ പോലീസ്

  • 19/07/2022

കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷാകേന്ദ്രത്തിനെതിരേ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതിയുമായി രംഗത്തെത്തി. കൊട്ടാരക്കര ഡിവൈ.എസ്.പിക്കാണ് മൂന്ന് പെണ്‍കുട്ടികള്‍ കൂടി പരാതി നല്‍കിയിരിക്കുന്നത്. കോളേജിന്റെ കവാടത്തില്‍വെച്ച് അടിവസ്ത്രം അഴിക്കാന്‍ പരിശോധന നടത്തുന്ന ജീവനക്കാര്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടികളുടെ പരാതി. അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇത് ശരിയല്ലെന്നും മെറ്റല്‍ ഹുക്ക് മാത്രമാണുള്ളതെന്നും ജീവനക്കാരോട് പറഞ്ഞിരുന്നു. ജീവനക്കാരുടെ ഈ പെരുമാറ്റം മാനസികമായി ഏറെ പ്രയാസമുണ്ടാക്കി. പരീക്ഷ എഴുതാന്‍ പോലും ബുദ്ധിമുട്ടുണ്ടായെന്നും അടിവസ്ത്രം അഴിപ്പിച്ചതിനാല്‍ മുടി മുന്നിലേക്കിട്ടാണ് പരീക്ഷ എഴുതിയതെന്നും പരാതിക്കാര്‍ പറയുന്നു.

നീറ്റ് പരീക്ഷാകേന്ദ്രത്തില്‍ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് തിരിച്ചറിയില്‍ പരേഡ് നടത്തും. പരാതിക്കാരിയായ പെണ്‍കുട്ടിയോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തത് ആരാണെന്നതില്‍ വ്യക്തത വരുത്താനാണ് തിരിച്ചറിയില്‍ പരേഡ് നടത്തുന്നത്.പരീക്ഷ നടന്ന കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നാല് സ്ത്രീകള്‍ വിദ്യാര്‍ഥികളെ പരിശോധിക്കുന്നതാണുള്ളത്. ഇതില്‍ ആരാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്ന് വ്യക്തമല്ല. അതിനാല്‍ ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിച്ച് പ്രതി ആരാണെന്നതില്‍ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നും പോലീസ് പറയുന്നു. 

അതേസമയം, അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. സ്വകാര്യ ഏജന്‍സിക്കായിരുന്നു പരീക്ഷ നടത്തിപ്പിന്റെ ചുമതലയെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയുമാണ് സ്വകാര്യ ഏജന്‍സി പരീക്ഷാ നടത്തിപ്പിനായി കോളേജില്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവരെ സഹായിക്കാനായി കോളേജില്‍നിന്ന് രണ്ട് ജീവനക്കാര്‍ കൂടി ഉണ്ടായിരുന്നതായാണ് വിവരം. അതിനാല്‍ തന്നെ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതില്‍ ഇവര്‍ക്കും പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related News