കോഴിയിറച്ചിക്ക് മറ്റ് കടകളേക്കാള്‍ വന്‍വിലക്കുറവ്, ആളുകള്‍ പാഞ്ഞെത്തി; ഒടുവില്‍ തട്ടിപ്പ് പൊളിഞ്ഞു, കടയുടമ അറസ്റ്റില്‍

  • 19/07/2022

എടപ്പാള്‍: തട്ടിപ്പ് നടത്തി കോഴിയിറച്ചി വിറ്റ സംഭവത്തിൽ വ്യാപാരി അറസ്റ്റിൽ. എടപ്പാള്‍ വട്ടംകുളം സ്വദേശിയും ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എംഎസ് ചിക്കന്‍ സ്റ്റാള്‍ ഉടമയുമായ അഫ്സൽ (31) ആണ് പിടിയിലായത്. കോഴിയിറച്ചിവില മറ്റു കടകളിലേതിനേക്കാള്‍ കുറവിലാണ് ഇയാള്‍‌ വിറ്റിരുന്നത്.

ഇതോടെ ആളുകള്‍ മുഴുവന്‍ അവിടെനിന്ന് ഇറച്ചി വാങ്ങാന്‍ തുടങ്ങി. മറ്റുകടകള്‍ പൂട്ടിപ്പോവുന്ന അവസ്ഥയായി. നിരന്തര അന്വേഷണത്തിനൊടുവില്‍ തട്ടിപ്പ് പുറത്താകുകയായിരുന്നു. ഇറച്ചി തൂക്കം കുറച്ചാണ് ഇയാൾ വിൽക്കുന്നത്. തുലാസിനെ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ചാണ് ഈ തട്ടിപ്പ്. തട്ടിപ്പ് മനസിലായതോടെ വ്യാപാരിയെ നാട്ടുകാരും കച്ചവടക്കാരും പൊലീസും ചേര്‍ന്ന് കുരുക്കി.

തൂക്കത്തില്‍ കൃത്രിമം കാണിക്കാനുപയോഗിച്ച റിമോട്ട് കണ്‍ട്രോളും ഇലക്ട്രോണിക് തുലാസുമടക്കം കടക്കാരനെ അറസ്റ്റുചെയ്തു. കടപൂട്ടിക്കുകയും ചെയ്തു. പെരുന്നാള്‍ കാലത്തടക്കം മറ്റുകടകളില്‍നിന്ന് വ്യത്യസ്തമായി കോഴിയിറച്ചി കിലോയ്ക്ക് പത്തും ഇരുപതും രൂപ വിലക്കുറവെന്ന് ബോര്‍ഡെഴുതി വെച്ചായിരുന്നു തട്ടിപ്പ്. 

തുലാസില്‍ കോഴിയിറച്ചി വെക്കുമ്പോള്‍ ഒരുകിലോ ആകുംമുന്‍പുതന്നെ സ്‌ക്രീനില്‍ ഒരു കിലോയെന്നു തെളിയും. റിമോട്ട് ഉപയോഗിച്ച് തുലാസ് നിയന്ത്രിച്ചാണ് ഇത് ചെയ്യുന്നത്. ഇതിനുപിന്നിലെ സാങ്കേതിക കാര്യങ്ങളും മറ്റേതെങ്കിലും കടകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നതുമൊക്കെ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. തുലാസ് സീല്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. വഞ്ചന, അളവുതൂക്കവെട്ടിപ്പ് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. 

Related News