ശബരീനാഥിന് കോടതി ജാമ്യം അനുവദിച്ചു

  • 19/07/2022

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിച്ചെന്ന കേസില്‍ മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥന് ജാമ്യം. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി ശബരീനാഥന് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്‍പതിനായിരം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം, മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട അടുത്ത മൂന്നുദിവസങ്ങളിലും അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തില്‍ 'മാസ്റ്റര്‍ ബ്രെയിന്‍' ശബരീനാഥന്‍ ആണെന്നും ബുധനാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. വാട്ട്സ് ആപ്പ് സന്ദേശം അയച്ച ഫോണിനുവേണ്ടിയാണ് പോലീസ് ശബരീനാഥന്റെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി അതിന് അനുമതി നല്‍കിയില്ല. ശബരീനാഥന്‍ തന്നെ ഫോണ്‍ ഹാജരാക്കിയാല്‍ മതിയെന്ന് കോടതി പറഞ്ഞു. കസ്റ്റഡി ആവശ്യപ്പെട്ട മൂന്നുദിവസവും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനും കോടതി അദ്ദേഹത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ ശബരീനാഥന്‍ അറസ്റ്റിലായത്. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ശബരീനാഥനെ ചോദ്യം ചെയ്യാന്‍ ചൊവ്വാഴ്ച പോലീസ് വിളിപ്പിച്ചിരുന്നു. 

ശംഖുമുഖം അസിസ്റ്റന്റ്കമ്മീഷണര്‍ക്ക് മുമ്പില്‍ ഹാജരാകുന്നതിന് പിന്നാലെ കോടതിയില്‍ ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും എത്തിയിരുന്നു. ഇത് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് വാക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ശബരിനാഥന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു എന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബരീനാഥന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ പങ്കുവെച്ചിരുന്നു.

Related News