വിദ്യാര്‍ത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

  • 19/07/2022

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജന്‍സിയിലെ 3 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു പേരും വനിതാ ജീവനക്കാരാണ്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡിഐജി ആര്‍ നിശാന്തിനി വ്യക്തമാക്കി. കൊല്ലം റൂറല്‍ എസ്പി കെ ബി രവിയും കോളജിലെത്തി. അഞ്ചു പരാതികള്‍ ഇതുവരെ ലഭിച്ചെന്ന് എസ്പി വ്യക്തമാക്കി.


അന്വേഷണസംഘം ഇന്ന് കോളജില്‍ എത്തി പരിശോധന നടത്തിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടു കോളജ് ജീവനക്കാര്‍ ഉള്‍പ്പെടെ 5 പേരെ കസ്റ്റഡിയില്‍ എടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജന്‍സിക്കായിരുന്നു. നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവര്‍ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പരാതി നല്‍കിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികള്‍ക്ക് പുറമെ മൂന്നു വിദ്യാര്‍ഥിനികള്‍ കൂടി ചടയമംഗലം പൊലീസില്‍ പരാതി നല്‍കി.

Related News