സ്പീക്കര്‍ തള്ളി; കെ.കെ രമക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി

  • 20/07/2022

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തെ സ്പീക്കര്‍ തള്ളിയതിന് പിന്നാലെ കെ.കെ രമ എംഎല്‍എയ്‌ക്കെതിരെ നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി. ആരെയും അപമാനിക്കണമന്ന് ഉദ്ദേശിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റുകാരനായ താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പരാമര്‍ശം പിന്‍വലിക്കുന്നും എംഎം മണി ഇന്ന് നിയമസഭയില്‍ പറഞ്ഞു.


സമൂഹത്തിലെ മാറ്റം ജനപ്രതിനിധികള്‍ക്ക് വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ലെന്ന് എം ബി രാജേഷ് സഭയില്‍ പറഞ്ഞു. എല്ലാം സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് ഓര്‍ക്കണമെന്നും സ്വയം തിരുത്തലിന് വിധേയമാകണമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് മണി പരാമര്‍ശം പിന്‍വലിച്ചത്. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'- എന്നായിരുന്നു മണിയുടെ പരാമര്‍ശം.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ പരാമര്‍ശിച്ച് രമ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് മണിയുടെ അധിക്ഷേപം.

പരാമര്‍ശം പിന്‍വലിക്കാന്‍  തയ്യാറാകണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു എംഎം മണി. മണിക്കെതിരെ ആനിരാജയും ബിനോയ് വിശ്വവുമടക്കമുള്ള സിപിഐ നേതാക്കളും രംഗത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണമായി ആനി രാജയ്‌ക്കെതിരേയും മണി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശനം  ഉയര്‍ന്നിരുന്നു.

Related News