ഒരു വയസുള്ള പിഞ്ചുകുഞ്ഞ് കുളിമുറിയിലെ ബക്കറ്റിൽ വീണു മരിച്ചു

  • 20/07/2022

കോഴിക്കോട്: പേരാമ്പ്രയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിൽ വീണു മരിച്ചു. പേരാമ്പ്ര ഈർപ്പാപൊയിൽ ഗിരീഷിന്‍റെയും അഞ്ജലിയുടെയും കുഞ്ഞ് ഒരു വയസും മൂന്ന് മാസവും പ്രായമായ ശബരിയാണ് മരിച്ചത്. കുട്ടിയെ ഉറക്കി കിടത്തി അലക്കാൻ പോയതായിരുന്നു അഞ്ജലി.

തിരികെ വന്നപ്പോൾ കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പേരാമ്പ്ര ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് ഗിരീഷ് വിദേശത്താണ്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

അതേസമയം കഴിഞ്ഞ ദിവസം കണ്ണൂരിൽ ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചിരുന്നു. മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. യു ഷാജഹാൻ - മുഹൈറ ദമ്പതികളുടെ മകൾ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു കുട്ടി അപകടത്തിൽ പെട്ടത്.

രാത്രി വീട്ടിലെ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഏണിപ്പടിയിലേക്ക് കുഞ്ഞ് കയറി. മാതാപിതാക്കൾ ശ്രദ്ധിക്കുന്നതിന് മുൻപ് താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.

Related News