വാട്‌സ്ആപ് ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

  • 21/07/2022

തിരുവനന്തപുരം: കെ എസ് ശബരിനാഥന്റെ വാട്‌സ്ആപ് ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂര്‍, എസ്എം ബാലു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ് ചാറ്റ് ചോര്‍ന്നിരുന്നു. ഇതില്‍ ശബരീനാഥന്‍ വിമാനത്തില്‍ കരിങ്കൊടി പ്രതിഷേധം നടത്താവുന്നതാണെന്ന തരത്തില്‍ ആശയം പങ്കുവച്ചതും ഉള്‍പ്പെട്ടു.


വിമാനത്തിനുള്ളില്‍ പ്രതിഷേധിക്കാന്‍ സംഘടനയ്ക്കുള്ളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ശബരിനാഥ് നിര്‍ദ്ദേശിച്ച തരത്തിലുള്ള സക്രീന്‍ ഷോട്ട് പുറത്തു വന്നതിനു പിന്നാലെ ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്കതിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ചാറ്റ് പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്ന് ശബരീനാഥന്‍ പറഞ്ഞിരുന്നു.
കെ എസ് ശബരിനാഥന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസ് ആവശ്യം കോടതി തള്ളിയായിരുന്നു ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയില്‍ ശബരിനാഥന്‍ ആണ് 'മാസ്റ്റര്‍ ബ്രെയ്ന്‍' എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വാട്‌സാപ് സന്ദേശം അയച്ചശേഷം ശബരിനാഥന്‍ ഒന്നാം പ്രതിയെ ഫോണില്‍ വിളിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണ് വലിയതുറ പൊലീസ് കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.

Related News