മക്കളെക്കൊന്ന് ഭാര്യ ജീവനൊടുക്കിയത് ഭര്‍ത്താവ് സിസിടിവിയിലൂടെ കണ്ടു? ശാസ്ത്രീയപരിശോധന

  • 21/07/2022

ആലപ്പുഴ: ആലപ്പുഴയില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം ഭര്‍ത്താവായ പോലീസുകാരന്‍ റെനീസ് സിസിടിവി വഴി ഫോണിലൂടെ കണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ സംഘം.  സംശയം തോന്നിയ അന്വേഷണസംഘം വ്യക്തത വരുത്താന്‍ സിസിടിവി എറണാകുളത്തെ ലാബില്‍ ശാസ്ത്രീയപരിശോധനയ്ക്കു നല്‍കിയിരിക്കുകയാണ്.

പോലീസ് ക്വാര്‍ട്ടേഴ്‌സിലെ പരിശോധനയ്ക്കിടയിലാണ് പ്രവേശനമുറിയില്‍ സ്ഥാപിച്ച ക്യാമറ കണ്ടെത്തിയത്. വളരെ ചെറിയ ക്യാമറയാണിത്. ആരുടെയും ശ്രദ്ധയില്‍പ്പെടാത്തവിധം ഒളിപ്പിച്ചാണിത് ഘടിപ്പിച്ചിരുന്നത്. ഇത് റെനീസിന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. അതിനാല്‍ ഫോണിലൂടെ വീട്ടിലെ കാര്യങ്ങള്‍ കാണാമായിരുന്നു. 

പക്ഷേ ഫോണില്‍നിന്ന് അതെല്ലാം മായ്ച്ചിണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യംചെയ്യലില്‍ റെനീസിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ട്. തുടര്‍ന്ന് വ്യക്തതയ്ക്കായി സിസിടിവി ലാബില്‍ നല്‍കുകയായിരുന്നു. റിപ്പോര്‍ട്ടു ലഭിച്ചാലേ അമ്മയും മക്കളും മരിക്കുന്നത് ഇയാള്‍ ഫോണിലൂടെ കണ്ടോയെന്നുറപ്പിക്കാനാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു.

മേയ് 10-നാണു റെനീസിന്റെ ഭാര്യ നജ്‌ല (27), മകന്‍ ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മക്കളെ കൊന്നശേഷം നജ്‌ല തൂങ്ങിമരിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍കോളേജ് പോലീസ് എയ്ഡ്‌പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു പ്രതിയായ സക്കറിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റെനീസ്. 

ഇതുമായി ബന്ധപ്പെട്ട് റെനീസിന്റെ കാമുകി അറസ്റ്റിലായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. റെനീസിനെ വിവാഹംകഴിക്കാന്‍ യുവതി സമ്മര്‍ദം ചെലുത്തിയിരുന്നു. അതിനായി നജ്‌ലയും മക്കളും ഒഴിഞ്ഞുപോകണമെന്നായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ റെനീസിന്റെ ഭാര്യയായി ഒപ്പം താമസിക്കുമെന്ന് നജ്‌ലയെ ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യചെയ്ത ദിവസവും കാമുകിയായ ഷഹാന ക്വാര്‍ട്ടേഴ്‌സിലെത്തി ഭീഷണിമുഴക്കിയതായി പോലീസ് പറഞ്ഞു. സസ്‌പെന്‍ഷനിലായ റെനീസ് ജയിലിലാണ്. 

Related News