വീട്ടിലേക്ക് അതിക്രമിച്ചുകയറി അഞ്ചരവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈഗികാതിക്രമം; പ്രതിക്ക് 46 വര്‍ഷവും മൂന്നുമാസവും കഠിനതടവ്

  • 21/07/2022

പട്ടാമ്പി: വീട്ടിലേക്ക് അതിക്രമിച്ചുകയറി അഞ്ചരവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 46 വര്‍ഷവും മൂന്നുമാസവും കഠിനതടവ് വിധിച്ച് കോടതി. ഇതിനുപുറമേ പ്രതി 2,75,000 രൂപ പിഴയും അടയ്ക്കണം. 

കോങ്ങാട് ലക്ഷംവീട് കോളനി പച്ചേനി അയൂബിനാണ് (27) പട്ടാമ്പി അതിവേഗകോടതി ജഡ്ജി സതീഷ്‌കുമാര്‍ ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും വിധിയായി. പിഴ നല്‍കിയില്ലെങ്കില്‍ രണ്ടരവര്‍ഷം അധികശിക്ഷ അനുഭവിക്കണം.

2019-ലാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിലേക്ക് അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയി വീടിനടുത്തുള്ള പറമ്പില്‍വെച്ച് ലൈഗികാതിക്രമം നടത്തിയെന്നാണ് കേസ്. ജില്ലാതല ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടിക്ക് നഷ്ടപരിഹാരം ഈടാക്കി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകള്‍ ഹാജരാക്കി. എസ്.ഐ. സത്യന്‍, ഇന്‍സ്പെക്ടര്‍മാരായ പി.ആര്‍. സരീഷ്, കെ.സി. വിനു എന്നിവരാണ് കേസന്വേഷിച്ചത്. 

Related News