സോണിയാഗാന്ധി കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു

  • 22/07/2022

കൊല്ലം: കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് സോണിയാ ഗാന്ധിയോട് കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. ഓഗസ്റ്റ് മൂന്നിനാണ് സോണിയാ ഗാന്ധി കൊല്ലത്ത് ഹാജരാകേണ്ടത്.
കോണ്‍ഗ്രസിന്റെ നിയമാവലിക്ക് വിരുദ്ധമായി കൊല്ലം ഡിസിസി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പ്രിത്വിരാജ് ഫയല്‍ ചെയ്ത കേസിലാണ് സോണിയാ ഗാന്ധി ഹാജരാകേണ്ടത്. സോണിയാ ഗാന്ധിക്കൊപ്പം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദും ഹാജരാകണം.

കെപിസിസി മെമ്പര്‍മാരുടെ തെരഞ്ഞെടുപ്പില്‍ കുണ്ടറ ബ്ലോക്കില്‍ നിന്ന് കേസിന്റെ തീരുമാനം വരും വരെ പ്രതിനിധിയെ നിശ്ചയിക്കുന്നത് തടയണമെന്ന പൃത്വിരാജിന്റെ ഉപഹര്‍ജിയിലാണ് മുന്‍സിഫ് കോടതി അടിയന്തര സമന്‍സ് ഉത്തരവായത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ച ആരോപണതതെ തുടര്‍ന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പ്രിത്വിരാജിനെ സസ്പെന്‍ഡ് ചെയ്തതായി മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉത്തരവ് താന്‍ കണ്ടിട്ടില്ലെന്നും മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് ഉള്ളതെന്നും കാണിച്ച് പ്രിത്വിരാജ് കെപിസിസി പ്രസിഡന്റിനും ഡിസിസി പ്രസിഡന്റിനും വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. അതിന് പ്രതികരണം ലഭിക്കാതായതോടെയാണ് കോടതിയെ സമീപിച്ചത്.

Related News