വടകര പോലീസ് സ്‌റ്റേഷനില്‍ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • 22/07/2022

കോഴിക്കോട്: വടകരയില്‍ കാറപകടത്തെത്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) മരിച്ച സംഭവത്തിലാണ് നടപടി. വടകര പോലീസ് സ്റ്റേഷനിലെ എസ്.ഐ. നിജീഷ്, എ.എസ്.ഐ. അരുണ്‍, സി.പി.ഒ. ഗിരീഷ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. രാഹുല്‍ ആര്‍. നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങളില്‍ തെറ്റ് സംഭവിച്ചുവെന്ന് പ്രഥമദൃഷ്ടാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാഴാഴ്ച രാത്രി വടകര തെരുവത്ത് വെച്ച് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിമുട്ടി അപകടം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ റോഡില്‍ വച്ച വാക്കേറ്റമുണ്ടായി . പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന്റെ പേരില്‍, ഇതില്‍ ഒരു കാറില്‍ ഉണ്ടായിരുന്ന സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചെന്ന പേരില്‍ മര്‍ദിച്ചെന്നും സജീവന്‍ സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സജീവന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ, ബൈജു നാഥ് ആവശ്യപ്പെട്ടു. ജൂലൈ 29-ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Related News