യാതൊരു പ്രകോപനവുമില്ലാതെ നാട്ടുകാരെ നായ ഓടിച്ചിട്ടു കടിച്ചു; പേ വിഷബാധയെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്

  • 22/07/2022

കോട്ടയം: കോട്ടയം വൈക്കത്ത് നാട്ടുകാരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്‍മോർട്ടത്തിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. 

ഇന്ന് രാവിലെയാണ് വൈക്കം കിഴക്കേ നടയിലും, തോട്ടു വക്കം ഭാഗത്തുമായി നാട്ടുകാരെ നായ കടിച്ചത്. നായയുടെ ആക്രമണത്തിൽ നാലു പേർക്ക് പരുക്കേറ്റിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരെ കടിച്ചതിന് പിന്നാലെ നായ ചത്തു. 

ഒരു പ്രകോപനവുമില്ലാതെയാണ് നാട്ടുകാരെ നായ ഓടിച്ചിട്ട് കടിച്ചത്. വൈക്കം കിഴക്കേ നടയിലും തോട്ടുമുക്കം ഭാഗത്തും രാവിലെ ഏഴ് മണിയോടെയായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. കുട്ടികളടക്കം പലരും ഓടി മാറി. ആക്രമണത്തില്‍ വീണ് പോയവരെ നായ നിലത്തിട്ട് കടിച്ചു. നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ച് വയസുകാരന്‍ പുരുഷന്‍റെ പരിക്ക് ഗുരുതരാണ്. 

പ്രദേത്ത് തെരുവ് നായയുടെ ആക്രമണം പതിവായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചു.

നായയുടെ പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് നായയുടെ ശവം പോസ്റ്റ്‍മോര്‍ട്ടം ചെയ്തത്.  

Related News