വിദേശത്തെ മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  • 23/07/2022

ദില്ലി: വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നല്‍കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അറിവോടെയല്ലെന്നും മന്ത്രി സഭയില്‍ വിശദീകരിച്ചു.

യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ലെന്ന് നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ത്ഥികര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പഠനം അനുവദിച്ച പശ്ചിമ ബംഗാളിന്റെ നീക്കത്തെ എതിര്‍ത്ത കേന്ദ്രം, വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനം അനുവദിക്കാനാകില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതനുവദിക്കുന്നില്ലെന്നുമുള്ള നിലപാടിലാണ്. റഷ്യ- യുക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയതെത്തിയത്. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍- ദന്തല്‍ വിദ്യാര്‍ത്ഥികളാണ്. തങ്ങളുടെ തുടര്‍പഠനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെവിടെയും പഠിക്കാന്‍ തയ്യാറാണെന്നും തുടര്‍ പഠനത്തിന് നിയമ ഭേദഗതിയുള്‍പ്പെടെയുള്ളവ പരിഗണിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം. ലക്ഷങ്ങള്‍ വായ്പയെടുത്താണ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും മെഡിക്കല്‍ പഠനത്തിനായി വിദേശത്തേക്ക് പോയത്.എന്നാല്‍ അതേ സമയം, റഷ്യ യുക്രെയ്ന്‍ യുദ്ധസാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് 12 മാസത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

Related News