ബസ് സ്റ്റോപ്പില്‍ ഒന്നിച്ചിരുന്നതിന് പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

  • 23/07/2022

പാലക്കാട്: ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാര്‍ഥികളെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതായി പരാതി. പരുക്കേറ്റ കരിമ്പ ഹൈസ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. കണ്ടാലറിയാവുന്ന അഞ്ചുപേരാണ് മര്‍ദിച്ചതെന്ന് കാട്ടി വിദ്യാര്‍ഥികള്‍ കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കി.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു ആക്രമണം. ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനെ യുവാക്കള്‍ ചോദ്യം ചെയ്തു. ആദ്യം പെണ്‍കുട്ടികളെ തടഞ്ഞ് നാട്ടുകാരെന്ന് പരിചയപ്പെടുത്തിയവര്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് കണ്ടാണ് സഹപാഠികളായ അഞ്ച് വിദ്യാര്‍ഥികള്‍ പ്രതിരോധിച്ചത്. പിന്നീട് സദാചാര പൊലീസിങ് വിദ്യാര്‍ഥികള്‍ക്ക് നേരെയായി. കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉള്‍പ്പെടെ മര്‍ദനമേറ്റു. ആളുകൂടുന്നത് കണ്ട് മര്‍ദിച്ചവര്‍ പതിയെ പിന്‍വാങ്ങി. പരുക്കേറ്റ അഞ്ച് വിദ്യാര്‍ഥികളും കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. പരാതി നല്‍കിയെങ്കിലും പൊലീസ് നിരുത്സാഹപ്പെടുത്തുകയാണുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സദാചാര പൊലീസിങ് നീതീകരിക്കാനാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മര്‍ദനമേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും അറിയിച്ചു. വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കല്ലടിക്കോട് പൊലീസ് അറിയിച്ചു.

Related News