എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന്

  • 23/07/2022

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. 23 ദിവസമായി പ്രത്യേക സംഘം അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കും. 

എകെജി സെന്റര്‍ ആക്രമണ കേസ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി ഇത്രനാളായിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചത് ഡിയോ സ്‌കൂട്ടറിലാണെന്ന് വ്യക്തമായതോടെ തലസഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആയിരത്തില്‍ അധികം സ്‌കൂട്ടര്‍ പരിശോധിച്ചു. ബോംബ് നിര്‍മ്മാണ കേസില്‍ പ്രതികളായവരെയും പടക്ക വില്‍പ്പനക്കാരെ പോലും ചോദ്യം ചെയ്തു. പക്ഷെ പ്രതിയെ കുറിച്ച് വ്യക്തമായ ഒരു സൂചന പോലും ലഭിച്ചില്ല. മൂന്ന് ഡിവൈഎസ്പിമാരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രത്യേക സംഘം. വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരും ഷാഡോ പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു. സിപിഎം സംസ്ഥാന സമിതി ഓഫീസിന് നേരെ ആക്രണമുണ്ടായിട്ടും പ്രതിയെ പിടുകൂടാന്‍ കഴിയാത്തത് പൊലീസിന് വലിയ നാണക്കേടായി നില്‍ക്കേയാണ് അന്വേഷണം കൈംബ്രാഞ്ചിന് കൈമാറിയത്. ഇതിനിടെ സിപിഎം അറിവോടെയാണ് ആക്രണമെന്നുള്ള ആരോപണവും പ്രതിപക്ഷം ഉയര്‍ത്തി. ബോംബെറിയുന്നതിന് മുമ്പ് എകെജി സെന്ററിന്റെ ഭാഗത്ത് വെള്ളമെടുക്കാനെത്തിയ രാജാജി നഗര്‍ കോളനി സ്വദശിയെ ചോദ്യം ചെയ്യാതെ വിട്ടയച്ചുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.എന്നാല്‍ പ്രത്യേക സംഘം ഇത് തള്ളുകയാണ്. തട്ടുകടയിലേക്ക് വെളളമെടുക്കാന്‍ വന്നപ്പോള്‍ സ്‌കൂട്ടറിലെത്തിയാള്‍ തന്നെ കണ്ട് മടങ്ങിപോയെന്നും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇതിനപ്പുറം ഇയാള്‍ക്ക് കുറ്റകൃത്യവുമായി ബന്ധപ്പിക്കാന്‍ ഒരു തെളിവുമില്ലെന്ന് പൊലീസ് പറയുന്നു. 

എകെജി സെന്റര്‍ ആക്രമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് യുവാവിനെ രണ്ടു ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. അയാള്‍ക്ക് പങ്കില്ലെന്ന് കണ്ടെങ്കിലും ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ജാമ്യമില്ലാ കുറ്റം ചുമത്തി. വിവാദമായതോടെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടു. ശബരിമല സ്ത്രീ പ്രവേശനം വിവാദമയപ്പോള്‍ സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീട് തീവച്ചിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. സംഭവം നടന്ന് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ചിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Related News