സ്വാതന്ത്ര്യദിനം: എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി

  • 23/07/2022

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഇതിനായി കുടുംബശ്രീ മുഖേന ദേശീയപതാകയും നിര്‍മ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ഓഗസ്റ്റ് 13ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താവുന്നതാണ്. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്ത്തേണ്ടതില്ല. ഇതിനായി ഫ്ളാഗ് കോഡില്‍ മാറ്റം വരുത്തിയിട്ടുണ്ട്.സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ച് ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്. ഇതോടെ ദേശീയപതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഹര്‍ ഘര്‍ തിരംഗ' ആവശ്യപ്പെട്ടു. ഇതിലൂടെ ത്രിവര്‍ണ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 75 വര്‍ഷം മുന്‍പുള്ള ജൂലൈ 22 നാണ് ദേശീയ പതാകക്ക് അംഗീകാരം ലഭിച്ചത് എന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.''കൊളോണിയല്‍ ഭരണത്തിനെതിരെ പോരാടി സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും ധീരതയും പ്രയത്‌നവും ഈ അവസരത്തില്‍ ഓര്‍മിക്കുന്നു. അവരുടെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്നതിനും അവര്‍ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തി വരുന്നത്,' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു

Related News