വീട്ടിലേക്കുള്ള വഴിയിൽ പോലീസുകാര്‍ മൂത്രമൊഴിച്ചു; ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം

  • 24/07/2022

തിരുവനന്തപുരം: കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത റെയില്‍വേ ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാർ അറസ്റ്റിൽ. ഇവരെ സര്‍വീസില്‍ നിന്ന് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പോലീസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ പോലീസുകാരാണ് റെയിൽവേ ജീവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. 

പോലീസുകാർ മദ്യപിച്ചിരുന്നെന്ന് പരാതിക്കാരനായ രജീഷ് പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പോലീസുകാർ മൂത്രമൊഴിച്ചു. വീടിന് മുന്നിലാണോ മൂത്രമൊഴിക്കുന്നതെന്ന് ചോദിച്ച് രജീഷ് ഇവരെ തടയാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായ പോലീസുകാര്‍ ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ രജീഷ് കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചങ്ങനാശ്ശേരി ട്രാഫിക് പോലീസിലെ നിവാസ്, ട്രാഫിക് പോലീസിലെ ഡ്രൈവർ പ്രശാന്ത് പി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിബിൻ എന്നിവരെ മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്ത കിളിമാനൂർ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. 
 

Related News