ഏഴ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

  • 24/07/2022

കോഴിക്കോട്: അത്തോളിയിലെ ഏഴു വയസുകാരന്‍റെ മരണം കൊലപാതകമെന്ന് പോലീസ്. കേസില്‍ കുട്ടിയുടെ മാതാവ് അറസ്റ്റില്‍. കാപ്പാട് സ്വദേശി മഹല്‍ ജുമൈലയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. 

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്‍റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈനാണ് മരിച്ചത്. രണ്ടാം ക്സാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന സൂചനയെത്തുടര്‍ന്നാണ് ആദ്യം മാതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ബന്ധുക്കളാണ് പരാതി നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ ചെറിയ കുട്ടിയായതിനാല്‍ ഹൃദയാഘാത സാധ്യതയില്‍ സംശയം തോന്നിയതിനാല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍ മരണത്തില്‍ സംശയം പറഞ്ഞിരുന്നു. 

ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് അമ്മ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അമ്മ മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്ന് പോലീസ് അറിയിച്ചു.

Related News