ഒന്‍പതും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ പലതവണ പീഡിപ്പിച്ചു; പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം

  • 24/07/2022

മലപ്പുറം: ഒന്‍പതും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ പ്രതിക്ക് പോക്‌സോ നിയമപ്രകാരം രണ്ടുതവണ ഇരട്ടജീവപര്യന്തവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രണ്ടുതവണ പത്തും ഏഴും വര്‍ഷം തടവും പിഴയും വിധിച്ചു. പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി അനില്‍കുമാറാണ് വിധി പറഞ്ഞത്. 

2016-ല്‍ പെരിന്തല്‍മണ്ണ പോലീസാണ് രണ്ട് കേസുകളായി രജിസ്റ്റര്‍ ചെയ്തത്. പത്തുവയസ്സുകാരിയെ 2012 മുതല്‍ 2016 വരെയും ഒമ്പതുവയസ്സുകാരിയെ 2014-ല്‍ ഒരു വര്‍ഷവും റജീബ് പീഡിപ്പിച്ചുവെന്നാണ് കേസ്. കോഴിക്കച്ചവടവും പലചരക്ക് കടയും നടത്തിയിരുന്ന പ്രതി, വിവരം പുറത്തറിഞ്ഞാല്‍ കോഴിയെ അറക്കുംപോലെ അറക്കുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി. ഇരുമ്പ് കമ്പി കൊണ്ട് വരയുമെന്നും കത്തി കൊണ്ട് കോഴിയെ അറക്കുന്ന പോലെ അറക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പത്തു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചത്. 
 
ഒന്‍പതുകാരിയുടെ കേസില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതില്‍തന്നെ ഐ.പി.സി. യിലെ രണ്ട് വകുപ്പുകള്‍ പ്രകാരം പത്തും ഏഴും വര്‍ഷങ്ങള്‍ തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവക്കുള്ള വകുപ്പുകളനുസരിച്ചാണിത്. പ്രോസികൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

രണ്ടാമത്തെ കേസിലും പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുമിട്ടു. ഐ.പി.സി. പ്രകാരം ഇതിലും പത്ത്, ഏഴ് വര്‍ഷങ്ങള്‍ തടവും പതിനായിരം രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യ കുട്ടികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണം. പെരിന്തല്‍മണ്ണ സബ് ജയിലിലേക്ക് മാറ്റിയ പ്രതിയെ അടുത്തദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും.

Related News